ഞാന്‍ ഡ്രാക്കുള
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മരിച്ചു മണ്ണടിഞ്ഞ
തണുത്തുറഞ്ഞ ഒരു ശവം
എന്നാല്‍
നിങ്ങളേക്കാളേറെ ശക്തന്‍
നിങ്ങളുടെ ജീവരക്തമാണ്
എന്റെ ആത്മാവിനു ഭക്ഷണം
പകല്‍സമയം ഞാന്‍ ശാന്തനാണ്
പെട്ടിക്കുള്ളില്‍ വിശ്രമിക്കുന്ന,
സ്യൂട്ടണിഞ്ഞ, മാന്യനായ പാശ്ചാത്യന്‍.
സത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ,
ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍.
നിങ്ങളുടെ കണ്ണില്‍
ഇരുട്ടിന്റെ കരിമ്പടം വീണാല്‍
എന്റെ സ്വത്വം കണ്ണുമിഴിക്കുന്നു.
നീ ഏഷ്യക്കാരനോ, അറബിയോ
ഇറാഖിയോ കറുത്തവനോ
ആരുമാവട്ടെ,
നിന്റെ രക്തം എനിക്കമൃതാണ്
അതു ഞാന്‍ ആര്‍ത്തിയോടെ ഊറ്റിയെടുക്കും.
പിന്നെ നീ വെറും ചണ്ടി.
പല്ലും നഖവും നീണ്ട ഭീകരനായി
എന്നെ കണ്ടപ്പോള്‍
നീ അമ്പരന്നുവോ
ഭയപ്പെടേണ്ട
ഈ കഥ പറയാന്‍
നീ ബാക്കിയാവില്ല.
നിനക്ക് രക്ഷപ്പെടാന്‍ ഒരു വഴിയേയുള്ളൂ
എന്റെ സംഘത്തില്‍ ചേരുക.
അന്യന്റെ സര്‍വസ്വവും ഊറ്റിയെടുക്കാന്‍
എന്നെ സഹായിക്കുക.
എനിക്കതില്‍ കുറ്റബോധമില്ല
എന്റെ നിലനിനില്‍പ്പിന്റെ പ്രശ്നമാണത്
നൂറ്റാണ്ടുകളായി എന്നെ ജീവിപ്പിച്ചത്,
എന്നെ ഞാനാക്കിയത്,
ഈ ചൂഷണമാണ്.
അതാണെന്റെ തത്വശാസ്ത്രവും.
No comments:
Post a Comment